ത്രിപുരയിലെ മൂന്ന് രാത്രികള്‍
ത്രിപുരയിലെ മൂന്ന് രാത്രികള്‍
ചില സ്ഥലവും യാത്രകളും ഒരിക്കലും നമ്മൾ പ്രതീക്ഷികുന്നത്
ആയിരിക്കില്ല. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ പലപ്പോഴും പോയിട്ടുണ്ടെങ്കിലും
ത്രിപുരയെ അങ്ങനെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇത്തവണ അതു കൊണ്ട് തന്നെ
ഞാനും എന്റെ രണ്ടു കൂട്ടുകാരായ സൂരജും അനീഷും ത്രിപുരയെ തിരഞ്ഞെടുത്തതും.
ത്രിപുരയല്ലേ.. നമ്മൾ മലയാളികൾക്ക് പൊതുവേ ഒരു താല്പര്യം ഉണ്ടാകുമല്ലോ
.എന്റെ ആഗ്രഹം കേട്ടപ്പോൾ തന്നെ പോയേക്കാം എന്ന് അവരും.
ത്രിപുര
, ഭാരതത്തിന്റെ വടക്കു കിഴക്ക് ഏഴു സഹോദരിമാരിൽ ഒരുവൾ. അങ്ങോട്ട്
ട്രെയിൻ തന്നെയായിരുന്നു യാത്ര. അല്ലങ്കിലും വടക്കേ ഇന്ത്യയിൽ പോകുമ്പോൾ
ട്രെയിനിൽ തന്നെ പോകണം ആ ജനലിൽ കൂടിയുള്ള കാഴ്ചകൾ നാം ജീവിക്കുന്ന
ഇന്ത്യയെ കാട്ടിത്തരും. നേരിട്ട് അഗർത്തലയിലേക്ക് ട്രെയിൻ ഇല്ലാത്തതിനാൽ
ആദ്യം ബാംഗ്ലൂർ എത്തി. ഞങ്ങൾക്കുഉള്ള ട്രെയിൻ ഹംസഭർ ഞങ്ങളെയും കാത്തു
ബാംഗ്ലൂർ സ്റ്റേഷൻ കിടപ്പുണ്ട്. കേരളത്തിൽ ഉള്ള ബംഗാളികളുടെ തിക്കും
തിരക്കു ഇല്ല എന്നത് തന്നെ മനസിന് പുതിയ ഊർജം തന്നു. നേരത്തേ ബുക്ക്
ചെയ്‌തതിനാൽ എന്റെയും കൂട്ടുകാരുടെയും സീറ്റ് ഭദ്രം. പുറം കാഴ്ചകൾ കണ്ടു
കണ്ടു ദിവസങ്ങൾ പോയതും ജനാലയിലൂടെ ആന്ധ്രായും ഒറീസ്സയും ആസ്സാമും മാറി
മറിയുന്നതും ഓരോ ജനതയുടെയും ജീവിതവും ആ ജനലിൽ കൂടി നമ്മുക്കറിയാൻ
സാധിക്കും. നിങ്ങൾ ശെരിക്കും ഒരു സഞ്ചാര സ്നേഹിയാണെങ്കിൽ ഇങ്ങനെ
ഇന്ത്യയിലൂടെ ട്രെയിനിൽ പോകണം, ആ അനുഭവം മറ്റൊരു രാജ്യത്തിനും ഒരു ബൈക്ക്
റൈഡിനും നൽകാനാവില്ല.
അഗർത്തല
, ത്രിപുരയിൽ ആകെ അറിയാവുന്ന സ്ഥലം. ഞങ്ങൾക്ക് കിട്ടിയ താമസം അല്പം മാറി
രാമ നഗർ എന്ന സ്ഥലതും.ഒരു രാത്രി ഉറങ്ങി എണീറ്റതും ഇന്നലെ വരെയുള്ള ക്ഷീണം
പമ്പ കടന്നു. പാക്കേജ് ടൂർ കണ്ണു കെട്ടിയ കുതിര ആണെങ്കിൽ സ്വയം പ്ലാൻ
ചെയ്യുന്ന ടൂർ ആകാശത്തിലെ പക്ഷികൾ പോലെയാണ്. അതുകൊണ്ടു ഗൂഗിൾ ചേട്ടന്റെ
നിർദേശം ശിരസ്സാവഹിച്ചു കൊണ്ട് ഞങ്ങൾ ആദ്യ ദിനം അഗർത്തലക്കായി മാറ്റി
വെച്ചു. പുറത്തിറങ്ങി പൂരിയും സബ്ജി കഴിച്ചു. ചായ അതിനെ പറ്റി പറഞ്ഞേ
മതിയാകു. നിങ്ങൾക്ക് പാൽ പൊടിയിട്ട ചായ മാത്രമേ സാധരണ ഗതിയിൽ കിട്ടൂ. പാൽ
ചായ തികച്ചും സ്പെഷ്യൽ ആണ് അഗർതലയിൽ. അന്നത്തെ ദിവസം കൗതുകകരമായ കുറേ
കാര്യങ്ങൾ അഗർത്തല കറക്കത്തിൽ നിന്നും മനസിലായി.ത്രിപുരയിൽ പാറകൾ ഇല്ല.
അതുകൊണ്ടു തന്നെ അവിടെ മെറ്റലും ഇല്ല. വീട് പണികൾക്കും റോഡിനും ഒക്കെ
ചുടുകട്ട ഉണ്ടാക്കി പൊട്ടിച്ചു ആണ് ഉപയോഗിക്കുന്നത്. മിക്ക വാഹനവും സി എൻ
ജി ആണ്.
ഞങ്ങളെ ഏറ്റവും ആകർഷിച്ച ഒരു കാര്യം " ട്ടക്ക്ട്ടക്ക്" എന്ന് വിളിക്കുന്ന ബൈക്കി്ന് ഓട്ടോയിൽ ജനിച്ച കുട്ട്യേ ആണ്. ട്ടക്ക്
ട്ടക്കിലും മോട്ടോർ വെച്ച റിക്ഷയിലും ആയിരുന്നു അന്നത്തെ മുഴുവൻ കറക്കവും.
സങ്കല്പത്തിലും യാഥാർഥ്യത്തിലും ഉള്ള ത്രിപുര ശെരിക്കും
അതിശയിപ്പിക്കുന്നതതായിരുന്നു.ലാലേട്ടന്റെ ഭാഷയിൽ കേട്ടറിവിനെകാൾ വലുതാണ്
ത്രിപുര എന്നത്. ചുറ്റും കാണുന്നവർ, വേഷം, ഭാഷ എല്ലാം എനിക്ക്
കൽക്കട്ടയിൽ നിൽക്കുന്ന പ്രതീതി ഉള്ളവാക്കി. എല്ലാ തലസ്ഥാനതെയും പോലെ
സെക്രട്ടറിയേറ്റും നിയമസഭയും ഒക്കെ കറങ്ങി നഗരത്തിലെ പ്രധാന ആകർക്ഷണമായ
ഉജ്ജ്യിൻദ പാലസ് എത്തിചേർന്നു.
ഉജ്ജ്യിൻദ പാലസ്
, ഒരു കാലത്ത് ബംഗാൾ വരെ വ്യാപ്പിച്ചിരുന്ന ത്രിപുര ഭരിച്ച മാണിക്യ
രാജവംശത്തിലെ രാധാകൃഷ്ണ മാണിക്യ 1899 നിർമിച്ച കൊട്ടാരം. ഞങ്ങൾ ടിക്കറ്റ്
അടുത്ത് അകത്തു കയറുമ്പോൾ മുന്നിൽ മുഗൾ ശൈലിയിലുള്ള
ഉദ്യാനം.കൊട്ടാരത്തിന്റെ ഇരു വശങ്ങളിലും ഉള്ള കുളവും തോട്ടവും കണ്ടു ഉള്ളിൽ
കയറുമ്പോൾ ആണ് ഉജ്ജ്യിൻദ പാലസ് ത്രിപുരയിൽ എത്ര പ്രധാനമാണ് എന്ന്
മനസിലാകുന്നത്.ആദ്യ കാലത്ത് നിയമസഭയായി ഉപയോഗിച്ചിരുന്ന കൊട്ടാരം
2011ശേഷമാണ് സഞ്ചരികൾക്കായി തുറന്നുത് . കൊട്ടാരത്തിൽ നിന്നും ഇറങ്ങുമ്പോൾ
ത്രിപുരയുടെയും നോർത്ത് ഈസ്റ്റ് സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും
ഒരു ഡോക്യുമെന്റട്രി കണ്ട പ്രതീതി. ഉള്ളിലെ പ്രദർശന സൗകര്യത്തിനായി ചില
മുറികൾ കെട്ടി മറച്ചിട്ടുണ്ട്. പിന്നെ കൊട്ടാരത്തിന് " ഉജ്ജ്യിൻദ" എന്ന
പേരു നൽകിയ മഹാകവി ടാഗൂറിനായി ഒരു വല്യ പ്രദർശന മുറി തന്നെ
ഒരുക്കിയിട്ടുണ്ട്. ബംഗ്ലാദേശ് ഉണ്ടായപ്പോൾ കുടിയേറിയവരാണ് ഇന്ന് കാണുന്ന
ആളുകൾ. അന്ന് ഇവിടെ ഉണ്ടായിരുന്നു തദ്ദേശിയരായ ത്രിപുരി, റിയാങ്, കുക്കി,
ജാമതിയ തുടങ്ങിയ അനേകം ഗോത്രങ്ങൾ പതിയെ ഗ്രാമങ്ങളിലേക്ക് പോവുകയും ഇപ്പോൾ
2001ലെ സെൻസ് പ്രകാരം ഭൂരിപക്ഷം ബംഗാളി വംശജരും ബാക്കി തദ്ദേശിയരായ
ആദിവാസി സമൂഹങ്ങളുമാണ്. അവരെ," ദിബ്രുമ
" എന്നാണ് മറ്റുള്ളവർ വിളിക്കുന്നത്. നാഗാലാൻഡും മണിപൂരും നിന്നും
വ്യത്യാസ്ഥമായി ദിബ്രുമ എന്ന മംഗളോയ്‌ഡ് വംശജരെ വിരളമായി മാത്രമേ കാണാൻ
കഴിയു. കൊട്ടാരത്തിൽ നിന്നും പ്രശസ്തമായ "ബെർത്താല മാർക്കറ്റ് "
ലക്ഷ്യമാക്കി നടന്നു. നടത്തം നിൽക്കുന്ന നാടിന്റെ ആരും പറയാത്തത് കാര്യങ്ങൾ
നമ്മുക്ക് കാട്ടി തരും. "ബെർത്താല മാർക്കറ്റ് ഉപ്പ് തൊട്ടു അങ്ങ്
ബംഗ്ലാദേശീ സാധനങ്ങൾ വരെ കിട്ടുന്ന മാർക്കറ്റ്. ഓവർ ബ്രിഡ്ജിലെ പണിയും
ബ്ലോക്കും പൊടിയും കൂടി ആയപ്പോൾ ഞങ്ങൾ എറണാകുളത്ത് ചെന്നു പെട്ട ഫീലിംഗ്.
മാർക്കറ്റും കണ്ട് വിലകുറവിൽ കിട്ടിയ വീട്ടുകാരെ സുഖിപ്പിക്കാനുള്ള
സാധനവും വാങ്ങി റൂമിലേക്ക് വെച്ചു പിടിച്ചു. ഒരു കുളിയും പാസ്സാക്കി പതിയെ
പുറത്തിറങ്ങിയപ്പോൾ ആണ് ഹോട്ടൽ റിസപ്ഷാനിസ്റ്റ് പറഞ്ഞത് അടുത്ത് അഘോര
ചെക്ക് പോസ് റ്റ് "ബി എസ് എഫ് ന്റെ കീഴിലുള്ള ബംഗ്ലാദേശ് ബോർഡർ. എല്ലാം
ദിവസവും അവരുടെയും ബംഗ്ലാദേശ് റേഞ്ച്ർ മാരുടെയും റിട്രീറ്റ് ചടങ്ങ് (പതാക
താഴ്ത്തുന്ന ) ഉണ്ടന്നും കേട്ട പാതി കേൾക്കാത്ത പാതി ഞങ്ങൾ ടക് ടകിൽ കയറി
ചെക്ക് പോസ്റ്റിൽ എത്തി, പാസ്സും വാങ്ങി ചടങ്ങ് കണ്ടു.
പഞ്ചാബ് വാഗ ചെക്ക്
പോസ്റ്റിന്റെ ചെറിയ പതിപ്പ്. ഫോട്ടോ സെക്ഷനും സെൽഫി എടുത്തു കഴിഞ്ഞപ്പോൾ
നേരം ഇരുട്ടിയിരുന്നു.കൊതുകുകൾ, എറണാകുളത്തെ വീണ്ടും വീണ്ടും
ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു. രാത്രി ഭക്ഷണം റോഡ് സൈഡിലെ ഒരു ചെറിയ കടയിൽ
നിന്നുമാക്കി. നൂഡിൽസ് പോലുള്ള "ചോമ്മിൻ ", ആൻഡാ പെറോട്ടയും, (മുട്ടയും
റൊട്ടിക്കുള്ളിൽ ആക്കി എണ്ണയിൽ ചുട്ടത്ത് ) കഴിച്ചു. കടയുടമ ഒരു ദിബ്രുമ
ചേട്ടനും ചേട്ടത്തിയും. അവരുടെ നാടൻ ഭക്ഷണം ഉണ്ടോന്നു വെറുതേ ചോദിച്ചു,
"മുയി ബുറോക് " എന്ന പൊതുവെ പറയുന്ന ഭക്ഷണം പ്രധാനമായും ചോറും ഇറച്ചിയും
മുള്ളങ്കിയും ഒക്കെയാണെനും പറഞ്ഞു തന്നു, കടയിൽ ഇല്ലായെന്നും പിന്നെ
വേണമെങ്കിൽ ഉണ്ടാക്കി തരാം എന്നും അവർ.അവരുടെ ഭാഷയായ *കോക് ബോർറോകും*
കൂടാതെ ബംഗാളിയുമാണ് പ്രധാന ഭാഷയെന്നും ഒക്കെ ആ കുശലാന്വേഷണത്തിൽ നിന്നും
മനസിലായി. സ്നേഹത്തോടെയുള്ള ആ ഭക്ഷണവും കഴിച്ച് ഞങ്ങൾ അന്നതെ കറക്കം
നിർത്തി റൂമിലേക്ക് നടന്നു.
രാവിലെ നല്ല തണുപ്പ് എങ്കിൽ മലയാളിക്ക് കുളിക്കാതെ പറ്റില്ലലോ. നെറ്റ് തപ്പി ഇന്നതെ യാത്ര ഉദയ്പൂർ "മാതാബാരി " ക്ഷേത്രത്തിലും പോകുന്ന വഴി " സെപ്പഹിജാല
" വന്യ ജീവി പാർക്കും ആക്കാൻ തീരുമാനിച്ചു. ബെർതാല മാർക്കറ്റ് സമീപമുള്ള
സ്റ്റാൻഡിൽ നിന്നും 1500 രൂപക്ക് പറഞ്ഞുറപ്പിച്ച് ഒരു വണ്ടി എടുത്തു
"സെപ്പ ഹിജാല" വിട്ടു. 25 കി മി ദൂരെയാണ് ഈ വന്യജീവി സങ്കേതം.അതിൽ ഉള്ളിലെ
പാർക്കും, "clouded leopard" മേഘങ്ങൾ പോലെ പുള്ളിയുള്ള പുലി, "phayres
langure " കണ്ണാടി പോലെ കണ്ണിനു ചുറ്റും ചാര നിറമുള്ള കുരങ്ങൻ അങ്ങനെ പല
ജീവികളും മരങ്ങളും ഒക്കെ കണ്ട് ഉദയ്പൂരക്ക് തിരിച്ചു. ഒരുകാലത്ത്
അഗർത്തലയെക്കാൾ വല്യനഗരം, പ്രധാനമായും "മാതാബാരി " ക്ഷേത്രമാണ് കാണേണ്ടത്.
ഭാരതത്തിലെ 51 ശക്തി പീoങ്ങളിൽ ഒന്ന്. ബംഗാളി കുടിലിൽ രീതിയിൽ ഉള്ള കാളി
ക്ഷേത്രം പിറകിൽ കല്യാണ് സാഗർ തടാകവും . 1501 ൽ മഹാരാജാ ധന്യമാണിക്യ
നിർമ്മിച്ച അമ്പലം ശിവതാണ്ഡവ സമയത്ത് സതി ദേവിയുടെ കാൽ പതിഞ്ഞു സ്ഥലമെന്നു
വിശ്വാസിക്കുന്നു. അമ്പലവും ഉദയ്പൂറും ഗുണഭട്ടി ക്ഷേത്ര സമുച്ചയവും ഒക്കെ
ചുറ്റികഴിഞ്ഞ് തിരികെ അഗർതലയിൽ എത്തിയപ്പോൾ നേര നല്ല വൈകിയിരുന്നു.
ത്രിപുരയിലെ അവസാനദിവസമാണ്. ഗൂഗിൾ പറഞ്ഞു തന്ന സ്ഥലങ്ങളിൽ നിന്നും " നീർമഹൽ
"തിരഞ്ഞെടുത്തു.രാവിലെ തന്നെ ഇന്നലത്തെ വണ്ടി ചേട്ടൻ കാറുമായി
എത്തിയിരുന്നു. ഒറ്റദിവസം കൊണ്ട് നല്ല ഒരു ബന്ധം ഞങ്ങൾ ഉണ്ടാക്കിയിരുന്നു.
53കി മി ദൂരെ മേലാൻഗൂർ എന്ന സ്ഥലത്താണ് പോകാനുള്ളത്.പോകുന്നു റോഡ് ഒക്കെ
കണക്കാണ്.നമ്മുടെ റോഡുകൾ എന്റെ പ്രണാമം.നഗരം വിട്ടു പുറത്തു പോകുമ്പോൾ 85
കാലത്തെ സിനിമയിലെ നമ്മൾ കണ്ട കേരളത്തെ ഓർമിപ്പിക്കും.നീർമഹൽ
എത്തി.ടിക്കറ്റ് എടുത്ത് ബോട്ടിലൂടെ "രുദ്രാസാഗർ" എന്ന തടാകത്തിനു
നടുക്കുള്ള കൊട്ടാരത്തിൽ എത്തി. 1921 ൽ "ഭീർ ഭിക്രമ്മ് മാണിക്യ" തന്റെ വേനൽ
കാല വസതിയായി മുഗൾ ഹിന്ദു രീതിയിൽ ബ്രിട്ടീഷുകാർ പണിതു നൽകിയതാണ് 24
മുറികൾ ഉള്ള ആണ് ഈ കൊട്ടാരം.രാജസ്ഥാനിലെ ജൽ മഹൽ ഒഴിച്ചാൽ ഇതേ രീതിയിൽ
മറ്റൊരെണ്ണം ഇല്ലത്രേ . രാത്രിയിലെ ദീപാലങ്കാരം കാണേണ്ട കാഴ്ചയെന്ന്
പറഞ്ഞു കേട്ടു. തിരികെ എത്തിയപ്പോൾ നേരം വൈകിയിരിക്കുന്നു. ഇന്ന്
പോകേണ്ടതിനാൽ അത്യാവശ്യ ഷോപ്പിംഗ് വേണം, വേഗം ഫ്രഷായി" ഹോക്കസ്
മാർക്കറ്റും ബെർത്താല മാർക്കറ്റും" കറങ്ങി തിരികെ ടക് ടകിൽ കയറി
ബംഗ്ലാദേശ് ബോർഡർ കാണാൻ "ലങ്കമുറ
" എന്ന സ്ഥലത്തും ചുറ്റി ഓട്ടപ്രദക്ഷിണം കഴിഞ്ഞ് മുറിയിൽ വന്നു പാക്കിംഗ്
ഒക്കെ റെഡി ആക്കിയപ്പോളേക്കും സമയമായിരുന്നു. ചെക്ക് ഔട്ട് ചെയ്തു
വെളിയിൽ വരുമ്പോൾ നല്ല തണുപ്പ്. ഞങ്ങളെ നോക്കി ഡ്രൈവർ ചേട്ടൻ
നില്പുണ്ടായിരുന്നു .കാറിന്റെ സൈഡിൽ ഇരുന്നു അഗർതല നഗരം കാണുമ്പോൾ ഇനി
എന്നു വരും എന്ന ഡ്രൈവറുടെ ചോദ്യത്തിന് പുഞ്ചിരി ഉത്തരമായി നൽകിയെങ്കിലും
കാണാതെ പോയ "ഉന്നകോട്ടിയും ചിറ്റഗോങ് താഴ് വരയും " ഒക്കെ കാണാൻ ഞങ്ങൾ വീണ്ടും വരും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. -ഉണ്ണികൃഷ്ണൻ നെയ്യാറ്റിൻകര
great ......
ReplyDeleteThank you..
ReplyDeleteകിടിലോസ്കി...
ReplyDeleteSuper... adipoli......
ReplyDelete